ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് 3 മണിയോടെയാണ് വിജയയുടെ പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. മധുരാന്തകത്തിലെ ടിവികെ സ്ഥാനാർത്ഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർത്ഥിക്കും.
50 ഏക്കർ വിസ്തൃതിയുള്ള കൂറ്റൻ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വൻ ജനത്തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പ്രദേശത്ത് പോലീസും സുരക്ഷാ ഏജൻസികളും ഒരുക്കിയിരിക്കുന്നത്.
മധുരാന്തകം, ധാരാപുരം എന്നീ മണ്ഡലങ്ങളിലാണ് നിലവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ടിക്കറ്റിൽ വിജയിച്ച ശേഷം സ്ഥാനം രാജിവെച്ച മുൻ എംഎൽഎമാരാണ് രണ്ട് മണ്ഡലങ്ങളിലും ടിവികെ സ്ഥാനാർത്ഥികളായി രംഗത്തുള്ളത്. ഇന്നലെ മധുരാന്തകത്ത് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിക്കായി മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പ്രചാരണം നടത്തിയിരുന്നു.















