തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച പ്രശസ്ത സാംസ്കാരിക പ്രവർത്തകനും സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് വിടയേകാൻ സാംസ്കാരിക കേരളം. കലയുടെ സൂര്യമൂർത്തിയുടെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാൻ നിരവധിപേരാണ് എത്തിയിരിക്കുന്നത്. പൊതുദർശനം രാവിലെ 7 മണി മുതൽ തൈക്കാട് ഗണേശം
ഓഡിറ്റോറിയത്തിൽ തുടങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കം കേരളത്തിലെ വിവിധ കലാ – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഇന്നലെ തന്നെ വീട്ടിൽ എത്തിയിരുന്നു. പൊതുദർശനത്തിലും കലാ – സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയേകാൻ എത്തും. ഔദ്യോഗിക ബഹുമതികളോടെയും
പ്രിയപ്പെട്ടവരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴികളോടെയും വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തിക്കവാടത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. സംസ്കാരം വൈകിട്ട് 6.45 നായിരിക്കും. സൂര്യയിൽ എല്ലാ പരിപാടികളും തുടങ്ങിയിരുന്നത് 6.45 നായിരുന്നു. അദ്ദേഹത്തിന്റെ മരണം സംഭവിച്ചതും 6.45 നായിരുന്നു.















