മാസപ്പടി കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ (എജി) നിയമോപദേശം ലഭിച്ചതായും ഇത് പരിശോധിച്ച് മേൽനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി വിശദമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എജിയിൽ നിന്ന് നിയമോപദേശം തേടിയത്.
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മരുമകനും നേതാവുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്നാണ് എജിയും ഡിജിപിയും ചേർന്ന നൽകിയ നിയമോപദേശത്തിലുള്ളത്. ഇഡി നൽകിയ വിവരങ്ങളിൽ പ്രാഥമിക തെളിവുകളുണ്ടെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്നും, അതല്ലെങ്കിൽ ദ്രുത പരിശോധന (പ്രാഥമിക അന്വേഷണം) നടത്താമെന്നും നിർദേശത്തിലുണ്ട്.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും, സംസ്ഥാന തലത്തിൽ തന്നെ തീരുമാനമെടുക്കാവുന്ന കാര്യമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ, അടൂരിൽ ദളിത് യുവാവിനെ പോലീസ് മർദിച്ച പരാതിയിൽ കർശന നടപടിയുണ്ടാകുമെന്നും ശാസ്താംകോട്ട പോലീസിനെതിരായ പരാതി അന്വേഷിക്കാൻ എസ്.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















