സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങളെയും സഹകരണത്തെയും പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന പദ്ധതികളിൽ കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധമുള്ള പിന്തുണയും സഹായവും ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി
സർക്കാരിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവരെ ഏത് കാര്യത്തിനും സമീപിക്കാമെന്ന അവസ്ഥയുണ്ടെന്നും ഇത് കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് വേഗത്തിൽ എത്തുന്നതിന് സഹായകമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പോലീസ് നടത്തിയ റെയ്ഡിനെയും കേന്ദ്രമന്ത്രി ന്യായീകരിച്ചു. ഏതു കാലത്തും റെയ്ഡ് നടക്കുന്നത് അതിന്റെതായ സ്വാഭാവിക ശൈലിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ വീടുകളിൽ പോലീസ് കയറുമ്പോൾ ആരും പ്രതികരിക്കാറില്ല. പരിശോധന വേളയിൽ ഫോൺ വാങ്ങി വെക്കുന്നത് സാധാരണ നടപടിയാണ്. മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ തന്നെയാണെന്നും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘നിങ്ങൾ ആരാണ്’ എന്ന് ചോദിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രതികരിച്ചു.















