പാലാ: പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന പവർകട്ടിൽ ജനങ്ങൾ പൊറുതിമുട്ടിയതോടെ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേവട ജംഗ്ഷനിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വൈദ്യുതി തടസ്സം പതിവാകുന്നത് മേഖലയിലെ ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളെയും വിദ്യാർത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
പ്രതിഷേധജ്വാലയുടെ ഉദ്ഘാടനം ബിജെപി ജില്ലാ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി നിർവഹിച്ചു. ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം അംഗീകരിക്കാനാകില്ലെന്നും പവർകട്ടിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അഡ്വ. അനീഷ് ജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പി.ആർ, ജില്ലാ സെക്രട്ടറി ജയരാജു, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുണാകരൻ, ഐ.ടി. സെൽ കോഡിനേറ്റർ രതീഷ് പഴയവീട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. വൈദ്യുതി മുടക്കം തുടർനാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.















