ഏറ്റുമാനൂർ–എറണാകുളം റോഡിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരുക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലേക്ക് എതിർദിശയിൽ നിന്നെത്തിയ മിനി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
മിനി ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന. ഇടിയുടെ കടുപ്പത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വലിയ ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവസ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് അപകട കാരണം അന്വേഷിക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

















