നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് ‘മുഖ്യ
ഉപദേശക’ സ്ഥാനങ്ങൾ രാജിവെച്ചത്. ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ
294 സീറ്റുകളിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയതോടെയാണ് ഭരണതലത്തിൽ വൻ മാറ്റങ്ങളുണ്ടായത്. മമത ബാനർജിയുടെ ഭരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നവരാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥർ.















