2026 മാർച്ച് 24 ചൊവ്വ 1199 മീനം 10
വാർത്തകൾ
📰👉 ജി. സുധാകരൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തെ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.മുൻ പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി ജി സൈറസിനെ ആണ് ഏരിയ കമ്മിറ്റിയിൽ നിന്ന് നീക്കിയത്. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സൈറസിനെ നേരത്തെ ഒഴിവാക്കിയിരുന്നു. നാല് മാസമായി ഏരിയ യോഗങ്ങളിൽ പങ്കെടുക്കാത്തതാണ് കാരണമെന്നാണ് വിശദീകരണം. 2006- 2011 കാലത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.
📰👉 പാലാ : ക്രിസ്തീയ വിശ്വാസ സമൂഹത്തിൻറെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ്.
📰👉 പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം ജനങ്ങളെ ബാധിക്കുന്നു. രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
📰👉 രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ 3.5 ലക്ഷം പുതിയ PNG കണക്ഷൻ ആക്ടിവേറ്റ് ആയെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. LPG വിതരണത്തിൽ ഇപ്പോഴും ആശങ്ക തുടരുന്നു. എന്നാല് സ്റ്റോക്ക് തീരുന്ന അവസ്ഥ ഇല്ലെന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്. പൊതുമേഖലാ ഹോട്ടലുകളെയും കാൻ്റീനുകളെയും വിഹിതത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
📰👉 പശ്ചിമേഷ്യൻ സംഘർഷം, അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി. അതേസമയം മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് പിന്മാറിയതെന്ന് കാബൂളിലെ ഇറാൻ എംബസി. ഇറാനും യുഎസ് മായി ഒരു ചർച്ചയും നടന്നു വരുന്നില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി.
📰👉 സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം. നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല.
📰👉 തൃശൂർ കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാണ് ഭ്രൂണം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നെന്നും മാസം തികയാതെ പ്രസവിച്ചെന്നുമാണ് യുവതിയുടെ മൊഴി.നഴ്സിംഗ് പഠിച്ചിട്ടുള്ളതിനാൽ താൻ ഭ്രൂണം സ്വയം വേർപ്പെടുത്തിയെന്നും യുവതി. സംഭവത്തിൽ പൊലീസ് യുവാവിനും യുവതിയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ പൊലീസ് ദമ്പതികളുടെ ഫ്ലാറ്റിലേക്ക് എത്തുന്നത്.
📰👉 മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അധിക്ഷേപിച്ച് സംസാരിച്ചു. മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാർഥങ്ങൾ ഉള്ളതാണ് ഭാഷ. ഭാഷയുടെ അർഥാന്തരങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. പക്ഷെ ഞാൻ അദ്ദേഹത്തെ അങ്ങിനെ ഒന്നും വിളിക്കാൻ ആഗ്രഹിക്കുന്നില്ല.
📰👉 മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ എം.കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയിൽ. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ കുടിശ്ശിക സഹിതം 49 ലക്ഷം രൂപയുടെ ബാധ്യതയെ തുടർന്നാണ് ജപ്തി ഭീഷണി നേരിടുന്നത്. കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസിൽ ആണ് ബാങ്ക് നോട്ടീസ് നൽകിയത്. മാർച്ച് 31 നകം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് വിശദമാക്കുന്നു.എം കെ മുനീർ ഇതുമായി ബന്ധപ്പെട്ട് നാളെ മാധ്യമങ്ങളോട് പ്രതികരിക്കും.















