ന്യൂഡൽഹിയിൽ നടക്കുന്ന ബ്രെക്സ് ബിസിനസ് ഫോറത്തിൽ (BRICS Business Forum) ആഗോള നേതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. സമ്മേളന വേദിയിലേക്ക് എത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ച് ആനയിച്ചു.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞു.
സമ്മേളനത്തിൽ സംസാരിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ, തങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങളെക്കുറിച്ചും അമേരിക്ക നടത്തിവരുന്ന ആക്രമണങ്ങളും ഇടപെടലുകളും ഇറാന്റെ സാമ്പത്തിക മേഖലയ്ക്ക് വരുത്തിവെച്ച വലിയ ആഘാതങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സ്ഥിരത തകർക്കുന്ന ഇത്തരം നടപടികൾ നിർഭാഗ്യകരമാണെന്നും, ഒരു രാജ്യത്തിന്റെ വ്യാപാര സ്വാതന്ത്ര്യത്തെയും സാമ്പത്തിക താല്പര്യങ്ങളെയും മറ്റ് രാജ്യങ്ങൾ ബന്ദിയാക്കാൻ പാടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.















