തിരുവനന്തപുരം: കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിനായി രണ്ട് പുതിയ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നു. കമലമ്മ അവാർഡും പദ്മിനി അമ്മ അവാർഡുമാണ് പുതുതായി ഏർപ്പെടുത്തുന്നത്. സിവിൽ പൊലീസ് ഓഫീസർ (CPO) മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (DySP) വരെയുള്ള വനിതാ ഉദ്യോഗസ്ഥർക്കാണ് ഈ പുരസ്കാരങ്ങൾ നൽകുക.
കേരളത്തിലെ ആദ്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന സി. കമലമ്മയുടെ സ്മരണാർത്ഥമാണ് കമലമ്മ അവാർഡ് നൽകുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും മികവ് പുലർത്തുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് ഈ പുരസ്കാരം ലഭിക്കുക. തെളിവുകളുടെ ഗുണനിലവാരവും കേസുകളിലെ ശിക്ഷാനിരക്കും പുരസ്കാര നിർണ്ണയത്തിൽ പ്രധാനമായും പരിഗണിക്കും.
കേരളത്തിലെ ആദ്യ വനിതാ സബ് ഇൻസ്പെക്ടറും ഇന്ത്യയിൽ വനിതാ പൊലീസ് സ്റ്റേഷന്റെ ചുമതല സ്വതന്ത്രമായി വഹിച്ച ആദ്യ ഉദ്യോഗസ്ഥയുമായിരുന്ന എം. പദ്മിനി അമ്മയുടെ പേരിലാണ് പദ്മിനി അമ്മ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പാലന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം. ജനക്കൂട്ട നിയന്ത്രണം, കുറ്റകൃത്യങ്ങൾ തടയൽ, സാമൂഹിക പൊലീസ് പ്രവർത്തനം, നിർണ്ണായകവും സങ്കീർണ്ണവുമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയാണ് ഇതിനായി പരിഗണിക്കുക.
പൊലീസ് ബാഡ്ജ് ഓഫ് ഓണറിന് നിലവിലുള്ള തെരഞ്ഞെടുപ്പ് നടപടിക്രമം തന്നെയായിരിക്കും ഈ പുരസ്കാരങ്ങൾക്കും പിന്തുടരുക. ബാഡ്ജ് ഓഫ് ഓണർ പുരസ്കാര വിതരണ ചടങ്ങിൽ വെച്ചായിരിക്കും കമലമ്മ, പദ്മിനി അമ്മ അവാർഡുകളും സമ്മാനിക്കുക.















