പാലാ: ശാന്തിഭവൻ-ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററും മൊബൈൽ ഹെൽത്ത് കാരവാൻ ലാബ് പദ്ധതിയും സ്നേഹത്തിന്റെയും കരുണയുടെയും അടയാളപ്പെടുത്തലാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കുറഞ്ഞ ചെലവിൽ രോഗചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി പാലാ മുണ്ടുപാലത്തുള്ള പീറ്റർ ഫൗണ്ടേഷൻ ആർക്കേഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃക്കരോഗം, കാൻസർ, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങളും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലാതല ആരോഗ്യദൗത്യത്തിന് പാലായിൽ തുടക്കമായത്. “രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ, രോഗം വരാതെ പ്രതിരോധിക്കുന്നതാണ് ഉത്തമം” എന്ന സന്ദേശമാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലാഭേച്ഛയില്ലാതെയാണ് (Non-profit) പദ്ധതി പ്രവർത്തിക്കുന്നതെന്നും, ലാബ് പരിശോധനകൾക്ക് 50 ശതമാനം മുതൽ 90 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും ഹോസ്പിറ്റൽ കോ-ഫൗണ്ടറും സി.ഇ.ഒയുമായ റവ. ഫാ. ജോയ് കുത്തൂർ അറിയിച്ചു. 2023-ൽ തൃശൂരിൽ ആരംഭിച്ച പദ്ധതി തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് ശേഷമാണ് കോട്ടയം ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്.
അമേരിക്കയിൽ നാല് പതിറ്റാണ്ടിലേറെയായി ഹൃദ്രോഗ ചികിത്സാരംഗത്ത് പ്രശസ്തി നേടിയ ഏറ്റുമാനൂർ സ്വദേശി ഡോ. ജോസഫ് കുര്യൻ ചെമ്പ്ലാവിലാണ് കോട്ടയം ജില്ലയിലെ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത മരണങ്ങൾ ഒരു പരിധിവരെയെങ്കിലും തടയാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ ഇതിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചത്. ചിക്കാഗോ ആസ്ഥാനമായുള്ള ‘കെയർ & ഷെയർ’ എന്ന ചാരിറ്റബിൾ സംഘടനയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപനം പാലാ പീറ്റർ ഫൗണ്ടേഷൻ ചെയർമാനും കെയർ & ഷെയർ എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ ഷിബു പീറ്റർ വെട്ടുകല്ലേലാണ് നിർവഹിക്കുന്നത്.
അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങളോടുകൂടിയ മൊബൈൽ ഹെൽത്ത് കാരവൻ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. വ്യക്തികൾക്കും സംഘടനകൾക്കും സ്വന്തം പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്പോൺസർ ചെയ്ത് നടത്താവുന്നതാണ്.
ഉദ്ഘാടന യോഗത്തിൽ ഷിബു പീറ്റർ അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. റിഷിൻ സുമൻ, ശാന്തിഭവൻ സംസ്ഥാന കോർഡിനേറ്റർ ജോസ് തൊമ്മാന, ബെറ്റി ഷാജു തുരുത്തേൽ, തോമസ് പീറ്റർ, ബിജു പാലൂപ്പടവൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.















