ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് സുരക്ഷാസേനയുടെ കനത്ത തിരിച്ചടി. കുൽഗാമിലെ ലാരോയിൽ നടന്ന ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഭീകരൻ ഉമർ നസീറിനെ സുരക്ഷാസേന
വധിച്ചു. ഏറ്റുമുട്ടലിൽ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെയും വധിച്ചതായാണ് വിവരം. എന്നാൽ, ഇക്കാര്യം സുരക്ഷാസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുഹമ്മദ് ലത്തീഫ് ഭട്ട് പാക് ഭീകരർക്കൊപ്പം പ്രവർത്തിച്ചുവരികയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അനന്ത്നാഗിൽ പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ സംഭവത്തിലും കുൽഗാമിൽ അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയതടക്കം നിരവധി ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കുൽഗാമിലെ സി.ആർ.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിരുന്നു.















