പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം സഭയിൽ ഭരണ-പ്രതിപക്ഷം കടുത്ത വാക്പോരാണ് നടത്തിയത്. നാളെ രാജ്യസഭയിൽ ബിൽ ചർച്ചയ്ക്കെത്തും. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ
ലക്ഷ്യം. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉൾപ്പെട്ടവർക്കെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കും. ബിൽ പ്രകാരം, നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട്
മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ് തീർപ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികൾക്കെതിരായ അപ്പീലുകൾ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീൽ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീർപ്പാക്കുകയും വേണം.















