പാലാ: യാതൊരു നിയന്ത്രണവുമില്ലാതെ രാസവള, കീടനാശിനി വില വർദ്ധിപ്പിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഉൽപാദന ചെലവ് പോലും ലഭിക്കാതെ കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ്
വളത്തിന്റെ അന്യായ വിലവർധന.ഒരു ചാക്ക് ഫാക്ടംഫോസിന്റെ വില 1425 രൂപയിൽ നിന്ന് 2350 രൂപയായും ഒരു ചാക്ക് പൊട്ടാഷിന് 1500 രൂപയിൽ നിന്ന് 2300 രൂപയായും വിലയുയർത്തിയിരിക്കുന്നു. തുരിശിന്റെ വില കിലോഗ്രാമിന് 210 രൂപയിൽ നിന്ന് 540 രൂപ ആയിരിക്കുന്നു. ഈ അന്യായ വിലവർദ്ധനവ് കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു.
രാസവളങ്ങളുടെ വിലനിർണയാവകാശം കമ്പനികൾക്ക് വിട്ടു നൽകിയതും രാസവള സബ്സിഡി വെട്ടിക്കുറച്ചതുമാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമെന്നും, ഇത് ഒരു ഗവൺമെൻറ് സ്പോൺസേർഡ് വിലവർധനവാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് കർഷകസമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളി അധ്യക്ഷത വഹിച്ചു.















