കാപ്പുംതല : നസ്രാണി സമുദായത്തിന്റെ നവീകരണത്തിനും ശക്തീകരണത്തിനുമായി കുറവിലങ്ങാട് , മുട്ടുചിറ, കടുത്തുരുത്തി , കോതനല്ലൂർ നസ്രാണി സമൂഹങ്ങളുടെ മദ്ധ്യേ കാപ്പുംതലയിൽ ബേസ് അപ്രേം നസ്രാണി ദയറായ്ക്ക് അടിസ്ഥാനശില ഉറപ്പിച്ചിട്ട് 2026 സെപ്റ്റംബർ 25ന് ഇരുപതു വർഷം പൂർത്തിയാകുന്നു. സഭകളുടെ തനിമ നിലനിർത്തുന്നതിൽ ദയറാകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈശോയുടെയും ശ്ലീഹന്മാരുടെയും പാരമ്പര്യങ്ങളിൽ അടിയുറച്ച മാർത്തോമ്മാ നസ്രാണികളുടെ പതിനാറാം നൂറ്റാണ്ടു വരെയുള്ള തനിമ കാത്തുസൂക്ഷിക്കുകയും നഷ്ടപ്പെട്ടവ, സഭയുടെ ഔദ്യോഗിക ആഹ്വാനപ്രകാരം, വീണ്ടെടുക്കുകയുമാണ് ഈ ദയറായുടെ ലക്ഷ്യം.
ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ ദുക്റാനായുടെ ഇരുന്നൂറാം വാർഷികത്തിൽ രാമപുരം പള്ളിയിലുള്ള അദ്ദേഹത്തിൻ്റെ പുണ്യ കബറിങ്കലും കടനാടുള്ള ജന്മഗൃഹത്തിലും വന്ദ്യരായ ജോൺ ബോസ്കോ തോട്ടക്കര മൽപ്പാൻ CMI (അർക്കദിയാക്കോൻ ഗുരു യോഹെന്ത് ), തെള്ളിയിൽ മാണി മൽപ്പാൻ CMI, പാലാ രൂപത അംഗമായ കൂനമ്മാക്കൽ തോമാ കത്തനാർ എന്നിവരുടെ നേതൃത്വത്തിൽ തിരിതെളിച്ച് ആരംഭിച്ച ദയറായുടെ ഭൗതിക സ്ഥാപനം കാപ്പുംതലയിൽ
നടന്നതിന്റെ ഇരുപതാം വാർഷികമാണ് ഈ വെള്ളിയാഴ്ച ആചരിക്കുന്നത്. 1599 ൽ നടന്ന ഉദയംപേരൂർ സൂനഹദോസിൻ്റെ 400-)o വർഷത്തിൽ നസ്രാണി ദയറാ സ്ഥാപിച്ചപ്പോൾ ഓരോ സഭയും അവരവരുടെ തനിമകൾ വിശ്വസ്തതയോടെ കാത്തു സൂക്ഷിക്കണം എന്നുള്ള സത്യസഭയുടെ പ്രബോധനവും മാർത്തോമാ നസ്രാണികൾ ഒന്നിച്ചു നിൽക്കുന്നതിനുള്ള പൂർവ്വ പിതാമഹാന്മാരുടെ പരിശ്രമങ്ങളും ശിരസ്സാവഹിക്കാനുള്ള മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇപ്പോൾ സഭ ഊന്നൽ നൽകി പഠിപ്പിക്കുന്ന സിനഡാലിറ്റി, എക്യുമെനിസം, സുവിശേഷ വൽകരണം ( ഇവാഞ്ചലൈസേഷൻ ) തുടങ്ങിയവയ്ക്കൊക്കെ ഉത്തമ മാതൃകയായി ഉദയംപേരൂർ സൂനഹദോസിനു മുമ്പുള്ള നസ്രാണി സഭയെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
2011 മാർച്ച് മാസത്തിൽ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ ദയറായുടെ കൂദാശാകർമ്മം പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മാർ യോഹന്നാൻ യോസേഫ് അപെസ്കോപ്പായുടെ മഹനീയ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. പാലാ രൂപതയുടെ മുൻ മെത്രാൻ പള്ളിക്കാപറമ്പിൽ മാർ യൗസേപ്പ് അപ്പെസ്കോപാ കൂദാശ ചെയ്ത ദപ്പ ആണ് ദയറായുടെ പള്ളിയിൽ പരിശുദ്ധ മദ്ബഹായിലെ ത്രോണോസിൽ ഉപയോഗിക്കുന്നത്.
പകലോമറ്റം, ശങ്കരപുരി കുടുംബങ്ങളുടെ മൂലതറവാടുകളിൽ നിന്നുള്ള ശിലകളാണ് ദയറായ്ക്ക് അടിസ്ഥാനമായി ഇട്ടിരിക്കുന്നത്. 2018 നവംബറിൽ കൂദാശ് ഏത്താ തിരുനാളിൽ പാലാ രൂപതാ സഹായമെത്രാൻ മുരിക്കൻ മാർ യൗസേപ്പ് അപ്പെസ്കോപാ പഴയ നിയമത്തിലെ പന്ത്രണ്ടു ഗോത്രങ്ങളെയും പുതിയ നിയമത്തിലെ പന്ത്രണ്ടു ശ്ലീഹന്മാരെയും പ്രതിനിധാനം ചെയ്യുന്ന 24 വിളക്കുകളുള്ള കൽസ്ലീവായുടെ കൂദാശാ കർമ്മം നിർവഹിച്ചു.
ദയറായുടെ രക്ഷാധികാരി പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ കല്ലറങ്ങാട്ട് മാർ യൗസേപ്പ് അപ്പെസ്കോപ്പായുടെ അധ്യക്ഷതയിൽ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തായുടെയും മലങ്കര യാക്കോബായ സുറിയാനി സഭയിലെ വീട്ടൂർ ദയറായിലുള്ള അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെയും മഹനീയ സാന്നിധ്യത്തിലാണ് വാർഷികാചരണം നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് റംശാ നമസ്കാരത്തോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ 6.30 pm ന് യോഗവുംതുടർന്നു സുറിയാനി സംഗീത വിരുന്നും സ്നേഹവിരുന്നും ഉണ്ട് . ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.















