തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ ചെലവ് ആരാണ് മുടക്കിയതെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ. വിമാന യാത്രയുടെ ചെലവ് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ഈ യാത്ര സർക്കാർ ചെലവിലല്ല നടത്തിയതെന്നും ആരാണ് പണം മുടക്കിയതെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമെന്താണെന്നും ചോദിച്ചു.
മലപ്പുറത്തുണ്ടായ വലിയ ദുരന്തസ്ഥലം സന്ദർശിച്ചില്ലെങ്കിൽ വിമർശനം ഉയരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. “മലപ്പുറത്ത് വലിയ അപകടമാണ് ഉണ്ടായത്. പോയില്ലെങ്കിൽ 6 പേർ മരിച്ചിട്ടും പോയില്ലേ എന്ന് ആളുകൾ ചോദിക്കും. ഒരു മലയാളി പരിചയക്കാരൻ അറേഞ്ച് ചെയ്തു തന്ന ഫ്ലൈറ്റിലാണ് പോയത്, അതിലെന്താണ് തെറ്റ്? മുൻപ് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ഇത്തരത്തിൽ പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിലാണ് പോയതെന്ന് ഞാൻ പ്രതിപക്ഷത്തിരുന്നപ്പോൾ ചോദിച്ചിട്ടില്ല,” എന്ന് സതീശൻ വ്യക്തമാക്കി. വിമാനം ക്രമീകരിക്കുന്നവർ സർക്കാരിൽ നിന്ന് ഔദാര്യം കൈപ്പറ്റുന്നവരല്ലെന്നും, ഇനിയും ആവശ്യമായി വന്നാൽ ഇതുപോലെ യാത്ര ചെയ്യുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.















