വനിതാ ഏഷ്യാകപ്പ് ടി20 ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. ആവേശകരമായ രണ്ടാം സെമിഫൈനലിൽ പാകിസ്ഥാനെ നാല് വിക്കറ്റിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കിരീടപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ സെമിയിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. ദുബായിൽ നാളെ നടക്കുന്ന ഫൈനലിൽ കിരീടം നിലനിർത്താൻ ലങ്കയും പ്രതികാരം വീട്ടാൻ ഇന്ത്യയും പോരടിക്കും.
പാകിസ്ഥാൻ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് തുടക്കം തകർച്ചയോടെയായിരുന്നു. പവർപ്ലേയിൽ 31 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (5), സഞ്ജന കാവിന്ദി (0), ഹാസിനി പെരേര (3) എന്നിവരുടെ വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായി. 22 റൺസെടുത്ത ഇമേഷ ദുലാനിയും വേഗത്തിൽ മടങ്ങിയതോടെ ലങ്ക നാലിന് 50 എന്ന നിലയിൽ പ്രതിസന്ധിയിലായി.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹർഷിത സമരവിക്രമയും (31 പന്തിൽ 36) കവിഷ ദിൽഹാരിയും (33 പന്തിൽ 33) ചേർന്ന് നടത്തിയ 67 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റി. പനേഴാം ഓവറിൽ ഫാത്തിമ സന ഇരുവരെയും പുറത്താക്കി പാകിസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും നിലാക്ഷി ഡി സിൽവയും (18*) കൗഷാനി നുത്യംഗനയും (10*) ചേർന്ന് 18.4 ഓവറിൽ ലങ്കയെ വിജയതീരത്തെത്തിച്ചു. പാകിസ്ഥാനായി ഫാത്തിമ സന നാല് വിക്കറ്റ് വീഴ്ത്തി.















