കുറവിലങ്ങാട്: ഒരേസമയം ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുചേർന്ന് വിശുദ്ധ ഗ്രന്ഥം മുഴുവനായും വായിച്ചുതീർത്തും, ഒരു മണിക്കൂർ കൊണ്ട് സമ്പൂർണ്ണ ബൈബിളിന്റെ കൈയെഴുത്ത് പ്രതി തയ്യാറാക്കിയും പാലാ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട് മഹാ ഇടവകയിൽ പുതുചരിത്രം. ഇടവക കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഈ അപൂർവ്വ ആത്മീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
സെപ്റ്റംബർ 26 ശനിയാഴ്ച വൈകിട്ട് 7 മുതൽ 8 വരെയുള്ള ഒരു മണിക്കൂർ സമയത്തിനുള്ളിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ ഒരേസമയം ഒത്തുചേർന്ന് വിശുദ്ധ ഗ്രന്ഥം മുഴുവനായി വായിച്ചുതീർത്തത്. തുടർന്ന് സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 6 മുതൽ 7 വരെയുള്ള സമയത്ത് കുടുംബങ്ങൾ ഒന്നിച്ച് ബൈബിൾ താളുകൾ പകർത്തി എഴുതി. കൃത്യം ഒരു മണിക്കൂറിനുള്ളിൽ കൈയെഴുത്ത് താളുകൾ പള്ളിയിൽ എത്തിച്ച് കൂട്ടിച്ചേർത്ത് സമ്പൂർണ്ണ ബൈബിളിന്റെ കൈയെഴുത്ത് പ്രതി തയ്യാറാക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് 9 മണിയോടെ തയ്യാറാക്കിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതി പെരിയ ബഹുമാനപ്പെട്ട ആർച്ച് പ്രീസ്റ്റ് തോമസ് മേനാച്ചേരി അച്ചനും സഹ വൈദികരും കുടുംബ കൂട്ടായ്മ ഭാരവാഹികളും ചേർന്ന് പാലാ രൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടറും കുടുംബക്കൂട്ടായ്മ അസിസ്റ്റന്റ് ഡയറക്ടറുമായ ബഹുമാനപ്പെട്ട പോൾ കുന്നുംപുറത്ത് അച്ചന് കൈമാറി. ആത്മീയ മുന്നേറ്റത്തിന് പുതിയ മാതൃക തീർത്ത മുഴുവൻ ഇടവകാംഗങ്ങളെയും ഭാരവാഹികളെയും മാതൃകാപരമായ ഈ നേട്ടത്തിൽ അഭിനന്ദിച്ചു.















