വത്തിക്കാൻ സിറ്റി: മാനസികാരോഗ്യ മേഖലയിൽ അജപാലന ശുശ്രൂഷ ചെയ്യുന്നവർക്കായും വിവിധ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പയുടെ ഒക്ടോബർ മാസത്തെ പ്രാർത്ഥനാനിയോഗം. ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പ തന്റെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകാന്തത, ഉത്കണ്ഠ, വിഷാദരോഗം എന്നിവയുൾപ്പെടെയുള്ള കടുത്ത മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ജനതയ്ക്കായി പാപ്പ പ്രാർത്ഥിച്ചു. ഇത്തരം പ്രതിസന്ധികളിൽ ആശ്വാസമേകുന്ന അജപാലന ശുശ്രൂഷാ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രാർത്ഥനയും പിന്തുണയും അനിവാര്യമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും അവർക്ക് വേണ്ട പിന്തുണയും സഹാനുഭൂതിയും നൽകാനും ആഗോള സഭയോടും സമൂഹത്തോടും പാപ്പ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.















