ചുണ്ടച്ചേരി: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപന സമിതിയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ചുണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ സേവ്യർ ബോർഡ് വാരാചരണത്തിന് സമാപനം കുറിച്ചു സംസാരിക്കുകയായിരുന്നു അഡ്വ. ഫ്രാൻസിസ് ജോർജ് എം പി.
വാരാചരണത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദയുടെ സഹകരണത്തോടെ ക്യാമ്പസിൽ 75 ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു.
നവംബർ 6, 7, 8 തീയതികളിലാണ് ഓൾ ഇന്ത്യ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ക്യാമ്പസിൽ വെച്ച് നടക്കുന്നത്. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വൈസ് ചാൻസലർമാർ, മാനേജർമാർ, പ്രിൻസിപ്പൽമാർ എന്നിവരുൾപ്പെടെ മുന്നൂറ്റമ്പതോളം പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും. ഇന്ത്യയിലുടനീളം എട്ടു റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന സേവ്യർ ബോർഡ് 75 വർഷം പൂർത്തിയാക്കുന്നതിന്റെ നിറവിലാണ് ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
മരങ്ങൾ കൊണ്ട് സമൃദ്ധമായ സെന്റ് ജോസഫ്സ് ക്യാമ്പസിൽ തികച്ചും വ്യത്യസ്തമായ ഒരു ആശയം എന്ന നിലയിലാണ് ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. മുൻതലമുറയുടെ ആരോഗ്യസംരക്ഷണത്തിൽ നിർണ്ണായക പങ്കുവഹിച്ചതും എന്നാൽ ഇന്ന് പ്രാധാന്യം കുറഞ്ഞുവരുന്നതുമായ ഔഷധസസ്യങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കോളേജ് ഡയറക്ടറും സേവ്യർ ബോർഡ് ദേശീയ ജോയിന്റ് സെക്രട്ടറിയുമായ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും രൂക്ഷമാകുന്ന ഇന്നത്തെ കാലത്ത് കാർബൺ സെക്വസ്റ്ററേഷൻ (Carbon Sequestration) പോലുള്ള പ്രക്രിയകളിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കോട്ടയം എം പി അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. പ്രസ്താവിച്ചു. വ്യവസായവൽക്കരണവും വാഹനങ്ങളുടെ അമിതോപയോഗവും സൃഷ്ടിക്കുന്ന കാർബൺ പുറന്തള്ളലിന് ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ പരിഹാരമാണിത്. അലോപ്പതി മരുന്നുകൾ പലവിധത്തിലുള്ള പാർശ്വഫലങ്ങൾ സൃഷ്ടിക്കുമ്പോൾ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത ആയുർവേദ ചികിത്സയുടെയും പരമ്പരാഗത ഔഷധസസ്യങ്ങളുടെയും പ്രാധാന്യം ഇന്ന് വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയ്ക്ക് പാരിസ്ഥിതിക അവബോധം നൽകാൻ ഇത്തരം ചടങ്ങുകൾ ഏറെ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നാഗാർജുന ആയുർവേദ സെയിൽസ് ഹെഡ് കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. നാഗാർജുന ആയുർവേദ അഗ്രികൾച്ചർ മാനേജർ ഡോ ബേബി ജോസഫ് സെഷൻ നയിക്കുകയും കുട്ടികൾക്കായി ക്വിസ് നടത്തുകയും ചെയ്തു.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, കോളേജ് ബർസാർ റവ. ഡോ. ജോർജ് കാരംവേലിൽ, പ്രൊഫ. ഡോ. രാജേഷ് ബേബി, ഡോ. ജ്യോതിസ് തോമസ്, ശ്രീ ജസ്റ്റിൻ തോമസ്, ശ്രീമതി അൽമരിയ ജോസഫ്, ശ്രീമതി സ്റ്റെഫി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.















