പാലാ: പാലാ ഉപജില്ലാ കലോത്സവം ‘ചിലമ്പൊലി – 2026’ നാളെ (നവംബർ 2 തിങ്കൾ) മുതൽ 5 വ്യാഴം വരെ ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയായി നടക്കും. സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി സ്കൂൾ, എസ്.എച്ച് ഗേൾസ് ഹൈസ്കൂൾ എന്നിവയാണ് മറ്റ് വേദികൾ. 250-ഓളം മത്സര ഇനങ്ങളിലായി 2500-ഓളം കുരുന്നു പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
നാളെ രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് രചനാ മത്സരങ്ങൾ നടക്കും. ഉച്ചകഴിഞ്ഞ് 1.30-ന് വർണ്ണശഭളമായ വിളംബര ഘോഷയാത്ര നടക്കും.
നാളെ ഉച്ചകഴിഞ്ഞ് സെന്റ് മേരീസ് ഹൈസ്കൂളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ ഷാജി മുഖ്യപ്രഭാഷണം നടത്തും. എ.ഇ.ഒ ഡോ. കെ.ആർ ബിന്ദു ജി, ഡി.ഇ.ഒ ഷംലാബീവി, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.
നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും മാണി സി. കാപ്പൻ എം.എൽ.എ നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ എ.ഇ.ഒ ഡോ. കെ.ആർ ബിന്ദു ജി, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജോബി കുളത്തറ, ബെന്നിച്ചൻ പി.എ തുടങ്ങിയവർ പങ്കെടുത്തു.















