തിരുവനന്തപുരം: കോൺഗ്രസിലെ നിലവിലെ പ്രശ്നങ്ങളിൽ നല്ലൊരു പര്യവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഒരുപാട് കാറും കോളുമൊക്കെ കണ്ടിട്ടുള്ളതാണെന്നും അതെല്ലാം ശാന്തമായി തീർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളും തീരുമെന്നാണ് പ്രതീക്ഷ. വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുതന്നെ പരസ്യ പ്രസ്താവനകളും ഉണ്ടാകും. ഇവിടെ തീരേണ്ടത് ഇവിടെ തീരും, ഡൽഹിയിൽ തീർക്കേണ്ടത് ഡൽഹിയിൽ തീർക്കും എന്നുതന്നെയാണ് വിശ്വാസം. താൻ ഒരു ഭാഗം പിടിച്ചു പറയാൻ ശ്രമിക്കുന്നില്ലെന്നും അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളൊക്കെ നേരെയാവണം എന്നാണ് ആഗ്രഹം.
ഉമ്മൻചാണ്ടിയെയും കുടുംബത്തെയും കുറിച്ചുള്ള പരാമർശം വിവാദങ്ങളിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പ്രതികരിക്കേണ്ട സാഹചര്യമുണ്ടായല്ലോ എന്ന ചോദ്യത്തിന്, ഉമ്മൻചാണ്ടി തങ്ങളെ സംബന്ധിച്ച് എല്ലാമെല്ലാമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ചെറിയ പ്രായം മുതൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് തങ്ങളെന്നും സഹോദരങ്ങളേക്കാൾ അടുത്ത ബന്ധമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ നടക്കുന്നതിൽ തന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്. എല്ലാത്തിനും അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ ചിന്താഗതിയുള്ള ആരും ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ഉത്തരവാദിത്വവും അച്ചടക്ക സമിതിയും അധികാരത്തിൽ കൊണ്ടുവന്ന കേരള ജനതയുടെ ആകെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തിരുവഞ്ചൂർ ഓർമിപ്പിച്ചു. ആ ഉത്തരവാദിത്വം നിർവഹിക്കാൻ സഹായകരമായ നിലപാടുകൾ എല്ലാവരും എടുക്കും എന്നാണ് പ്രതീക്ഷ. സ്പീക്കർ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് താൻ കെ.പി.സി.സി അച്ചടക്ക സമിതിയിലെ സ്ഥാനം ഒഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
















