ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ സമരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യ (INDIA) സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് പുറമെ കോക്രോച്ച് ജനത പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹി ജന്തർമന്തറിലേക്ക് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, സി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം മുംബൈയിലാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രതിഷേധ പരിപാടികൾക്കും ഇന്ന് തുടക്കമാകും. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.















