മുണ്ടക്കൈ-ചൂരൽമല സർക്കാർ ടൗൺഷിപ്പിൽ കൂടുതൽ കുടുംബങ്ങൾ താമസത്തിന് ഒരുങ്ങുന്നു. 16 വീടുകളുടെ താക്കോലുകൾ വയനാട് ജില്ലാ കളക്ടർ വീട്ടുടമകൾക്ക് കൈമാറി. ഏറ്റവും അടുത്ത നല്ല ദിവസം നോക്കി താമസം തുടങ്ങുമെന്ന് വീട്ടുടമകൾ പറഞ്ഞു. സർക്കാർ ടൗൺഷിപ്പിൽ
ആദ്യഘട്ടത്തിലെ 178 വീടുകളും വാസയോഗ്യമായതായി അധികൃതർ അറിയിച്ചു. രണ്ട് ക്ലസ്റ്ററുകളിലായി,ഗുണമേന്മ പരിശോധനകൾക്ക് ശേഷം കിഫ്കോൺ അധികൃതർ സാങ്കേതികമായി കൈമാറിയ 16 വീടുകളാണ് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ വീട്ടുടമകൾക്ക് കൈമാറിയത്.
താമസം തുടങ്ങാൻ സന്നദ്ധത അറിയിച്ച്, താക്കോൽ ആവശ്യപ്പെട്ട് അപേക്ഷ നൽകിയതിന് പിന്നാലെയാണ് കളക്ടർ വീടുകൾ സന്ദർശിച്ച ശേഷം താക്കോലുകൾ കൈമാറിയത്. താക്കോൽ കയ്യിൽ കിട്ടിയ സ്ഥിതിക്ക് അധികം വൈകാതെ താമസം തുടങ്ങുമെന്ന് ദുരന്തബാധിതർ.















