എറണാകുളം: സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി ഭീഷണി ഉയർത്തുന്നതിനിടെ, എറണാകുളം മണീടിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ കരിങ്കൽ ക്വാറിക്ക് പച്ചക്കൊടി കാട്ടാൻ ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ജനവാസ മേഖലയിലെ ജനങ്ങളുടെ കടുത്ത പ്രതിഷേധവും മണീട് പഞ്ചായത്ത് പാസാക്കിയ പ്രമേയവും മറികടന്നാണ് ജില്ലാ കളക്ടറുടെ അസാധാരണ നടപടി.
മണീട് പഞ്ചായത്തിലെ 11-ാം വാർഡിൽ പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2010-ലാണ് അടച്ചുപൂട്ടിയത്. എന്നാൽ ഈ ക്വാറിക്കാണ് വീണ്ടും അനുമതി നൽകാൻ ധൃതിപിടിച്ച നീക്കങ്ങൾ നടക്കുന്നത്. പഞ്ചായത്ത് ലൈസൻസ് നൽകാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ കളക്ടർ നേരിട്ട് ലൈസൻസ് അനുവദിക്കുകയായിരുന്നുവെന്ന് മണീട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചിട്ടും നിലപാടിൽ മാറ്റം വരുത്താൻ കളക്ടർ തയ്യാറായില്ല. ലൈസൻസ് നൽകിയത് താനാണെന്നും വരുന്ന പ്രശ്നങ്ങൾ താൻ പരിഹരിച്ചോളാമെന്നുമാണ് കളക്ടർ നൽകിയ മറുപടിയെന്നും പ്രസിഡന്റ് ആരോപിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുക, സമീപത്തെ സ്കൂളും പള്ളിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് പഞ്ചായത്തും നാട്ടുകാരും.















