കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പോലീസ്. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുട്ടിയെ കൊല്ലത്തും, മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഈരാട്ടുപേട്ട പോലീസാണ് അന്തർസംസ്ഥാന ശിശുക്കടത്ത് സംഘത്തെ കഴിഞ്ഞ ദിവസം പിടികൂടിയത്. സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട അസം സ്വദേശിയായ ഗർഭിണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പോലീസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് മറ്റു രണ്ടു കുട്ടികളെക്കൂടി സമാന രീതിയിൽ വിറ്റതായി കണ്ടെത്തിയത്. കേസിൽ അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് പോലീസിന്റെ തീരുമാനം.















