കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ നടപടികൾക്കെതിരെ പ്രതികളായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും കെ. എ. രതീഷും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസിൽ സിബിഐ നൽകുന്ന അന്തിമ റിപ്പോർട്ട് തടയണമെന്നും അപ്പീലിൽ തീർപ്പാകുന്നതുവരെ തുടരനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രൊസിക്യൂഷൻ അനുമതി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടെന്നും ആർ. ചന്ദ്രശേഖരൻ അപ്പീലിൽ ആരോപിക്കുന്നു.
നേരത്തെ, കേസിൽ ഒന്നാം പ്രതിയായ കെ.എ. രതീഷ് സർവീസിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രൊസിക്യൂഷൻ അനുമതി ലഭിച്ച ഉദ്യോഗസ്ഥൻ ഉന്നത തസ്തികകളിൽ തുടരുന്നത് ശരിയല്ലെന്ന പരാമർശത്തെ തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രതീഷ് ഖാദി ബോർഡ് സെക്രട്ടറി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. വർഷങ്ങളായി പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്ന സർക്കാർ, കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് ഇരുവർക്കുമെതിരെ നടപടിക്ക് അനുമതി നൽകിയത്.















