ഇരിങ്ങാലക്കുട: കേരള ലേബർ മൂവ്മെന്റിന്റെ (KLM) ചരിത്രം, ലക്ഷ്യം, കർമ്മപരിപാടികൾ എന്നിവ മുൻനിർത്തി സംസ്ഥാനത്തെ കെ.എൽ.എം. ഡയറക്ടർമാരായ വൈദികർക്കായി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ സെന്ററിൽ തുടക്കമായി. വിവിധ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള 55-ഓളം വൈദികരാണ് ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.
സമ്മേളനത്തിന്റെ ഒന്നാം ദിവസത്തിൽ ‘കെ.എൽ.എം: ചരിത്രം, ലക്ഷ്യം, കർമ്മപരിപാടികൾ’ എന്ന വിഷയത്തിൽ കെ.എൽ.എം. – യു.ടി.എ. (KLM – UTA) ചെയർമാൻ ശ്രീ. ജോസഫ് ജൂഡ് മുഖ്യപ്രഭാഷണവും ക്ലാസ്സും നയിച്ചു. മാറുന്ന സാമൂഹിക സാഹചര്യങ്ങളിൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രസക്തിയും ഭാവി പരിപാടികളും അദ്ദേഹം ചർച്ച ചെയ്തു.
കെ.എൽ.എം. ഡയറക്ടർ ഫാ. അരുൺ വലിയത്താഴത്ത്, ഡബ്ല്യു.ഐ.എഫ്. (WIF) ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ, കെ.എൽ.എം. സംസ്ഥാന പ്രസിഡന്റ് ജോസ് ഊക്കൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള കെ.എൽ.എം. ഡയറക്ടർമാരായ വൈദികരും മറ്റ് പ്രമുഖരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. വിവിധ സെഷനുകളിലായി തൊഴിലാളി ക്ഷേമപ്രവർത്തനങ്ങളുടെ അവലോകനവും പുതിയ കർമ്മപദ്ധതികളുടെ ആസൂത്രണവും സമ്മേളനത്തിൽ ചർച്ച ചെയ്യും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം നാളെ സമാപിക്കും.















