അസം-അരുണാചൽ അതിർത്തിയിൽ സംഘർഷം. അരുണാചൽ ഭാഗത്തുനിന്ന് അജ്ഞാതർ വെടിവയ്പ്പ് നടത്തി. 18 അസംക്കാർക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ചകൾ ആരംഭിച്ചു. അസമിന്റെ ഒരു ഇഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്ന് പോലീസിന് നിർദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ
ശർമ.“അസം പോലീസ് കൂടുതൽ സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കേണ്ടതുണ്ട്. അതേസമയം, ഒരു സാഹചര്യത്തിലും അസമിന്റെ ഒരു ഇഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്ന് അസം പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി ഹിമന്ത പറഞ്ഞു.
ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നാല് പേരെ ദിബ്രുഗഡ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസമിലെ ധേമാജി ജില്ലയിലെ മിങ്മാങ് ബസ്തിയിൽ ഭൂമി തർക്കത്തെച്ചൊല്ലിയാണ് സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷം ഉടലെടുത്തത്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ചകൾ ആരംഭിച്ചു.















