അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസ്സും പെൺകുട്ടിക്ക് അഞ്ച് വയസ്സും പ്രായം തോന്നിക്കുന്നതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്ത സമയത്ത് അടിവസ്ത്രങ്ങൾ മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്.
യുവതിയുടെയും കുഞ്ഞിന്റെയും തലയറുത്തു മാറ്റിയ നിലയിലാണ്. ഉടൽ ഭാഗങ്ങൾ രണ്ട് ചാക്കുകളിലും വേർപെടുത്തിയ തലകൾ മറ്റൊരു ചാക്കിലുമായാണ് പുഴയിൽ ഒഴുക്കിയത്. മൃതദേഹങ്ങൾ മുറിച്ചുമാറ്റാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കണ്ടെടുത്ത ഭാഗങ്ങൾക്ക് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ട്.
കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കേരളത്തിലെയും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെയും കാണാതായ ആളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. മൃതദേഹങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

















