യമനിൽ സർക്കാർ അനുകൂല സൈന്യത്തിനും സഖ്യസേനയ്ക്കും നേരെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചതോടെ കരയുദ്ധം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ ഏറ്റുമുട്ടലുകളിൽ 60 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമാധാന ചർച്ചകൾ പൂർണ്ണമായും നിശ്ചലമായ പശ്ചാത്തലത്തിലാണ് പ്രധാന മുൻനിര പോരാട്ട മേഖലകളിൽ വീണ്ടും ശക്തമായ പോരാട്ടം ആരംഭിച്ചിരിക്കുന്നത്.
യെമന്റെ പടിഞ്ഞാറൻ മേഖലകളിലും എണ്ണനിക്ഷേപമുള്ള തന്ത്രപ്രധാന നഗരമായ മരീബിലും തായിസ് പ്രവിശ്യയിലുമാണ് ഹൂത്തികൾ പ്രധാനമായും മുന്നേറ്റം നടത്തുന്നത്. കനത്ത ഷെല്ലിംഗും റോക്കറ്റ് ആക്രമണങ്ങളുമാണ് ഹൂത്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന് മറുപടിയായി സൗദി സഖ്യസേന ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണങ്ങൾ തുടരുകയാണ്.
പോരാട്ടം രൂക്ഷമായതോടെ പോരാട്ട മേഖലകളിൽ നിന്ന് ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളാണ് വീണ്ടും വീടൊഴിഞ്ഞ് പലായനം ചെയ്യുന്നത്. ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര മാനുഷിക സഹായങ്ങളും മരുന്നുകളും എത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. രാജ്യം വൻ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയും വിവിധ സന്നദ്ധ ഏജൻസികളും മുന്നറിയിപ്പ് നൽകി. 2014 മുതൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ ഒന്നര ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

















