അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകളിലായി യുവതിയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ചാക്കിൽ നിന്നാണ് അന്വേഷണത്തിൽ വഴിത്തിരിവായ തെളിവുകൾ ലഭിച്ചത്. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു പ്രാദേശിക കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കാണിതെന്ന് അതിലെ എഴുത്തുകളിൽ നിന്ന് പുതൂർ പോലീസ് തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരായ അമ്മയും മകളുമാണെന്നാണ് പ്രാഥമിക വിവരം. പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന സംശയവും ശക്തമാണ്. കുടുംബ വഴക്കിനെ തുടർന്ന് തോട്ടം തൊഴിലാളിയായ ഭർത്താവ് ഭാര്യയെയും അഞ്ചു വയസ്സുള്ള മകളെയും ക്രൂരമായി കൊലപ്പെടുത്തി പുഴയിൽ തള്ളിയതാണെന്നാണ് സൂചന. പ്രതിയെക്കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
തലയറുത്ത് മാറ്റിയ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ ഉടൻ വലയിലാക്കാൻ പുതൂർ പോലീസും പ്രത്യേക അന്വേഷണ സംഘവും തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കി.















