ഭരണങ്ങാനം: മതസൗഹാർദത്തിലൂടെ ആഗോള സമാധാനം എന്ന സന്ദേശമുയർത്തി സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന അന്തർമത ശിൽപശാല ‘സഹോദര്യം 2026’ സമാപിച്ചു.
17 ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യരെ മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ പേരിൽ വേർതിരിക്കാതെ സ്നേഹത്തോടെ ചേർത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചൂണ്ടിക്കാട്ടി. വ്യത്യസ്ത വിശ്വാസങ്ങൾ നിലനിൽക്കുമ്പോഴും മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ഡോ. മോത്തി വർക്കി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ഡോ. സി.എച്ച്. മുസ്തഫ മൗലവി, ഫാ. ആനന്ദ് മാത്യു, ജോബിൻ എസ്. കൊട്ടാരം, ഷിജിൻ വർഗീസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
‘തനിച്ചല്ല ഞാൻ’ സിനിമയുടെ പ്രദർശനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ ബോബി അവഗാമ മോഡറേറ്ററായി.
സമാപന സമ്മേളനം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.എല്ലാ സൃഷ്ടികൾക്കും പിന്നിൽ ദൈവത്തിന് പ്രത്യേക ഉദ്ദേശം ഉണ്ടെന്നും ദൈവത്തിൻ്റെ പേരിൽ കലഹിക്കുന്നത് അജ്ഞതയുടെ ലക്ഷണമാണന്നും വിഭാഗിയ ചിന്ത ദൈവഹിതത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നോവലിസ്റ്റ് ബെന്യാമിൻ അധ്യക്ഷത വഹിച്ചു. അപരഭയവും അപരവിദ്വേഷവും വർദ്ധിച്ചു വരുന്ന ലോകത്താണ് നാം ജീവിക്കുന്നത് എന്നും ഈ പ്രാകൃത ഭാവത്തിൽ നിന്ന് നാം വായനയിലൂടെയും പഠനങ്ങളിലൂടെയും മോചിതരാകണമെന്നും അദ്ദേഹം പറഞ്ഞു.
എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് സമാധാന സന്ദേശം നൽകി. മനുഷ്യ മനസ്സു നന്നായാൽ പരിസരം നന്നാകുമെന്നും കരുതലും പരിചരണവും ഉള്ളിൽ ഉള്ളവർക്കേ സൗഹൃദം സ്ഥാപിക്കാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.
പെണ്ണമ്മ ജോസഫ്, കെ.എം.ഫൗസിയ ബീവി , റജി കൊപ്പാറ, റവ. തോമസ് കോശി പനച്ചമൂട്ടിൽ,ഫാ.ആനന്ദ് മാത്യു, ബോബി അവഗാമ,വി.എം. അബ്ദുള്ള ഖാൻ, സിബി പുരയിടം എന്നിവർ പ്രസംഗിച്ചു.
സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, റവ.ഡോ മോത്തി വർക്കി, ഡോ.സി.എച്ച.മുസ്തഫാ മൗലവി, ഷിജിൻ വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.
എംഎൽഎ മാരായ മാണി സി കാപ്പൻ, എം.ജെ സെബാസ്റ്റ്യൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, സൗഹാർദ് പീസ് സെന്റർ വാരാണസി, കേരള സർവോദയ മണ്ഡലം എന്നിവയുടെ സഹകരണത്തോടെ മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനം ‘മതങ്ങൾ വ്യത്യസ്തമാകട്ടെ; മനുഷ്യസ്നേഹം ഒന്നാകട്ടെ’ എന്ന സന്ദേശമാണ് മുന്നോട്ടുവച്ചത്.















