പാലാ: ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് സാക്ഷ്യപ്പെടുത്തുവാനാണ് ക്രിസ്തു ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യനാക്കിയതെന്ന് പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. അന്ത്യാളം സെന്റ് മാത്യൂസ് മത്തായി ശ്ലീഹാ പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന് തിരുന്നാൾ കുർബാനയിൽ വചനം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
വൈകിട്ട് മൂന്നിന് നടന്ന കുട്ടികളുടെ എഴുത്തിനിരുത്ത് ചടങ്ങിൽ നൂറുകണക്കിന് കുട്ടികൾ അരിയിൽ ‘മത്തായി ശ്ലീഹാ’ എന്നെഴുതി ആദ്യക്ഷരം കുറിച്ചു. തുടർന്ന് നടന്ന മത്തായി സംഗമത്തിനും വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.
വൈകിട്ട് ആഘോഷമായ തിരുന്നാൾ പ്രദക്ഷിണവും അതിനുശേഷം കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേളയും നടന്നു. തിരുക്കർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു. ഫാ. ജോസഫ് ചെറുകരകുന്നേൽ (വികാരി), കൈക്കാരന്മാരായ ലിന്റൻ ജോസഫ് വെളുത്തേടത്തുകാട്ടിൽ, വി.എ. അഗസ്റ്റ്യൻ വെള്ളിമുഴയിൽ, അലക്സി തെങ്ങുംപള്ളിക്കുന്നേൽ എന്നിവരാണ് ഇപ്രാവശ്യത്തെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.















