കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ (Pro VC) നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാലയോട് വിശദീകരണം ചോദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡോ. റഷീദ് അഹമ്മദിനെ പ്രോ വി.സി ആയി നിയമിച്ച നടപടിയിലാണ് സർക്കാർ അടിയന്തര വിശദീകരണം തേടിയിരിക്കുന്നത്.
വി.സി വ്യക്തിതാല്പര്യം മുൻനിർത്തി നടത്തിയ നിയമനമാണിതെന്ന മുസ്ലിം ലീഗിന്റെ കടുത്ത എതിർപ്പിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ.
റഷീദ് അഹമ്മദ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന കരുവാരക്കുണ്ട് കെ.ടി.എം (KTM) കോളേജിനോടും സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. സർക്കാരിന്റെ അനുമതിയില്ലാതെ എന്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ വിടുതൽ (Relieve) ചെയ്തതെന്ന ചോദ്യമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉയർത്തുന്നത്.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് സർവകലാശാല റഷീദ് അഹമ്മദിനെ പി.വി.സി ആയി തിരഞ്ഞെടുത്തത്. മുസ്ലിം ലീഗ് നേതാവായ റഷീദ് അഹമ്മദിനെ നിയമിച്ചത് മുസ്ലിം ലീഗിന്റെ ഔദ്യോഗിക നിർദ്ദേശം മറികടന്നാണെന്നാണ് ആക്ഷേപം. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈന്റെ പേരാണ് ലീഗ് നോമിനിയായി മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ലീഗ് നിർദ്ദേശം അവഗണിച്ച് വി.സി ഏകപക്ഷീയമായി ഡോ. റഷീദ് അഹമ്മദിനെ നിയോഗിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.















