ന്യൂയോർക്ക്: യുഎൻ രക്ഷാസമിതി അംഗത്വം ഭീകരവാദികളെ ‘ഡീ-ലിസ്റ്റ്’ (പട്ടികയിൽ നിന്ന് ഒഴിവാക്കൽ) ചെയ്യുന്നതിനോ ഭീകര സംഘടനകളെ ന്യായീകരിക്കുന്നതിനോ ഉള്ള വേദിയാക്കി മാറ്റരുതെന്ന് ഇന്ത്യ. യുഎൻ രക്ഷാസമിതിയുടെ പ്രവർത്തനരീതികളെക്കുറിച്ചുള്ള തുറന്ന ചർച്ചയിൽ സംസാരിക്കവെ യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയും ചാർജ് ഡി അഫയേഴ്‌സുമായ യോജ്ന പട്ടേലാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
വ്യക്തമായ ശാസ്ത്രീയ തെളിവുകളോ മാനദണ്ഡങ്ങളോ ഇല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് മാത്രം വ്യക്തികളെയോ സംഘടനകളെയോ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനോ ഒഴിവാക്കാനോ ഉള്ള നീക്കങ്ങൾ അനുവദിക്കാനാവില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്താനും ചൈനയും ചേർന്ന് ചില സംഘടനകളെ ഭീകരപ്പട്ടികയിൽ പെടുത്താനും, തങ്ങൾ സംരക്ഷിക്കുന്ന ഭീകരരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും നടത്തുന്ന നീക്കങ്ങൾക്ക് എതിരെ കൂടിയാണ് ഇന്ത്യയുടെ പ്രതികരണം. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുഎൻ ഉപസമിതികളുടെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ കർശനമായ സമയപരിധി നിശ്ചയിക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ഇന്ത്യ യോഗത്തിൽ ആവശ്യപ്പെട്ടു.
















