ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ‘അർണബ്’ ചുഴലിക്കാറ്റായി മാറി. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അർണബ് മറ്റന്നാൾ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ്, ഇന്ന് അർദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബർ 27 ഓടെ
അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ് ചുഴലിക്കാറ്റ് ഒക്ടോബർ 28 ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് പ്രതീക്ഷ. നിലവിൽ ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ്
ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.















