ഇലഞ്ഞി: ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സമൂഹത്തിൽ നിന്നും ലഭിക്കുന്ന ആദരവുകളും അംഗീകാരങ്ങളും വെറും ചടങ്ങുകളല്ലെന്നും, മറിച്ച് അത് നാടിന് ഈ കുട്ടികളിലുള്ള വലിയ പ്രതീക്ഷകളുടെ പ്രതിഫലനമാണെന്നും അനൂപ് ജേക്കബ് പറഞ്ഞു. ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ആദരിക്കാനും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകാനുമായി ഇത്തരമൊരു ശ്രദ്ധേയമായ അനുമോദന പരിപാടി സംഘടിപ്പിച്ച ഇലഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഏറെ മാതൃകാപരമാണ്. ഉയർന്ന മാർക്കോടെ മികച്ച വിജയം നേടുന്നവരെ വേദിയിൽ ആദരിക്കുന്നത് അവർക്ക് മാത്രമല്ല, അവരോടൊപ്പം പഠിക്കുന്ന മറ്റ് കുട്ടികൾക്കും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള വലിയൊരു പ്രേരണയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ സമൂഹത്തോട് ചേർത്തു നിർത്തുന്നതിന്റെയും അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പഞ്ചായത്തുകളും സാംസ്കാരിക ക്ലബ്ബുകളും റസിഡൻസ് അസോസിയേഷനുകളും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.
വേദിയിൽ നിന്നും ലഭിക്കുന്ന ട്രോഫികൾ വീടുകളിൽ കൊണ്ടുപോയി വെക്കുമ്പോൾ, അത് വെറുമൊരു അലങ്കാര വസ്തുവല്ലെന്നും, സമൂഹത്തിന് അവരിലുള്ള പ്രതീക്ഷയുടെയും അവർ നൽകിയ അംഗീകാരത്തിന്റെയും നിരന്തരമായ ഓർമ്മപ്പെടുത്തലായി അത് മാറുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഈ അംഗീകാരങ്ങൾ ഭാവിയിലെ മുന്നേറ്റങ്ങൾക്ക് വലിയ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ പ്രാദേശിക സർക്കാരുകൾ നൽകുന്ന പിന്തുണ വലിയ കാര്യം ആണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാഹസികമായി കള്ളനെ പിടികൂടിയ റിട്ടയേർഡ് കായിക അധ്യാപകനായ ജോസി വർഗീസിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ജിജോയി, ഗരാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിൻസി ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രക്ഷിതാക്കൾ, പഞ്ചായത്ത് ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.















