🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 6 , 2023 തിങ്കൾ 1198 കുംഭം 22
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
🗞🏵 സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഉയർന്ന താപനിലയാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. രണ്ട് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. പാലക്കാട് എരിമയൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി കടന്നു. 40.3 ഡിഗ്രി സെൽഷ്യസാണ് തൊടുപുഴയിൽ രേഖപ്പെടുത്തിയ താപനില.
🗞🏵 കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 119 മെഡിക്കൽ വിദ്യാർഥികൾ ആത്മഹത്യചെയ്തതായി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) വെളിപ്പെടുത്തൽ. ഇതിൽ 64 പേർ എം.ബി.ബി.എസ്. വിദ്യാർഥികളും 55 പേർ പി.ജി. ഡോക്ടർമാരുമാണ്. 1166 വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.
🗞🏵 നേരിടുന്ന അന്വേഷണങ്ങളിൽ കുറ്റക്കാരനായി കണ്ടാലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറില്ലെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കേണ്ടതുണ്ട്. വിജയത്തിലെത്തും വരെ പോരാട്ടം തുടരും
🗞🏵 9 വർഷം മുൻപ് 239 യാത്രക്കാരുമായി ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണു കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് എംഎച്ച് 370 വിമാനം കാണാതായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല.
🗞🏵 പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മൂന്നാം തുടർഭരണത്തിന്റെ ഔപചാരിക തുടക്കം പ്രഖ്യാപിച്ച് അവതരിപ്പിച്ച ദേശീയ ബജറ്റിൽ പ്രതിരോധച്ചെലവ് വർധിപ്പിച്ച് ചൈന. അതിർത്തിമേഖലകളിൽ യുദ്ധസജ്ജരായിരിക്കാൻ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ് നിർദേശിച്ചു.
🗞🏵 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 12 ന് തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഞ്ചിനു നടക്കേണ്ടിയിരുന്ന അമിത് ഷായുടെ തൃശൂർ സന്ദർശനമാണ് 12ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യുമെന്നും സുരേന്ദ്രൻ അറിയിച്ചു
🗞🏵 അനധികൃതമായി വിസ കച്ചവടം നടത്തിയ കേസിൽ ബംഗ്ലാദേശിലെ സൗദി കോണ്‍സുലേറ്റിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം അറസ്റ്റിൽ. സൗദിയില്‍ നിന്നും തൊഴില്‍ വിസ ഇഷ്യു ചെയ്യുന്നതിന് 5.40 ലക്ഷത്തിലേറെ റിയാല്‍ ഇവര്‍ കൈക്കൂലി വാങ്ങിയതായി സൗദി ആന്റി-കറപ്ഷൻ കമ്മീഷൻ (നസഹ) കണ്ടെത്തി.
🗞🏵 ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ റോഹിൻഗ്യൻ അഭയാർഥികൾ വസിച്ചിരുന്ന ക്യാമ്പിൽ വൻ തീപിടിത്തം. ക്യാമ്പിലെ ആയിരക്കണക്കിന് കൂടാരങ്ങൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കോക്സ് ബസാർ ജില്ലയിലെ ബലാഖുലി അഭയാർഥി ക്യാമ്പിലാണ് അപകടം സംഭവിച്ചത്. തീപിടിത്തം സംഭവിച്ചത് മലയിടുക്കുകൾ നിറഞ്ഞ മേഖലയിലായതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
🗞🏵 സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഏജന്റാണെന്ന് ലേഖനം. ജനശക്തി എന്ന മാസികയിലാണ് ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പലതവണ ചോർത്തിയതായും ലേഖനം ആരോപിക്കുന്നു. ബ്രിട്ടാസ് നൽകിയ വിവരങ്ങൾ സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി തയ്യാറാക്കിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് എന്ന് ലേഖനം ആരോപിക്കുന്നു.
🗞🏵 രാമസിംഹന്‍ സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്. മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് രാംസിംഹന്റെ സിനിമയെ പ്രധാനമാക്കുന്നതെന്ന് ശങ്കു ഫേസ്‌ബുക്കിൽ കുറിച്ചു.
🗞🏵 ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. കല്ല് ആരെങ്കിലും മോഷ്ടിച്ച് കൊണ്ട് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ശുചീകരണ വേളയിൽ തന്നെ കല്ലുകൾ ശേഖരിക്കും. നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകൾ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാൽ അവർ പിഴ അടയ്‌ക്കേണ്ടതായും വരും.
🗞🏵 കൊച്ചി നഗരത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. കൊച്ചിയിലും സമീപപഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്ലാസുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം.
🗞🏵 ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇടപെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി.യുടെ ‘ട്രബിൾഷൂട്ടർ’ ഹിമന്ദ ബിശ്വ ശർമയെ ഉടൻ ത്രിപുരയിലേക്ക് അയക്കും. 60 അംഗ നിയമസഭയിൽ ബി.ജെപിക്ക് 32 സീറ്റ് ഉണ്ട്.
🗞🏵 ത്രിപുരയില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ ത്രിപ മോതയെ മന്ത്രിസഭയിലെത്തിക്കാൻ ബിജെപിയുടെ നീക്കം. തിപ്ര മോതയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹിമന്ത് ബിശ്വ ശര്‍മയും മുന്‍ മുഖ്യമന്ത്രി മണിക് സാഹയും വ്യക്തമാക്കി. 2024-ലെ തിരഞ്ഞെടുപ്പിലടക്കം വോട്ട് വിഹിതം ഭിന്നിക്കപ്പെടാതിരിക്കാനാണ് പ്രതിപക്ഷ സ്ഥാനനത്തും നിന്നും തിപ്ര മോതയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ചരടുവലിക്കുന്നത് എന്നാണ് വിവരം.
🗞🏵 ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) തീവ്രവാദിയുടെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശനിയാഴ്‌ച കണ്ടുകെട്ടി. വടക്കൻ കശ്‌മീർ ജില്ലയിലെ ക്രാൽപോറയിലെ ബാബർപോര പ്രദേശത്തെ താമസക്കാരനായ ബഷീർ അഹമ്മദ് പിറിന്റെ സ്വത്തുക്കൾ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരായ നടപടിയുടെ ഭാഗമായി ഏജൻസി കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു.
🗞🏵 രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് സിആര്‍പിഎഫ് ജവാന്മാരുടെ വിധവകള്‍. സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് ഇവര്‍ ആവശ്യപ്പെട്ടു.
🗞🏵 ഒരേ സിറിഞ്ച് നിരവധി രോഗികളിൽ ഉപയോഗിച്ചതിനെ തുടർന്ന് ഒരു പെൺകുട്ടിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ഇറ്റായിലെ റാണി അവന്തി ബായ് ലോധി സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം. സംഭവത്തിൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ശനിയാഴ്ച പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഉയർന്നത്.
🗞🏵 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ഗൗരവ് ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 21 മുതല്‍ ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് പദ്ധതിയ്ക്ക് കീഴിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഭാരത് ഗൗരവ് ഡ്യുലക്സ് ടൂറിസ്റ്റ് എസി ട്രെയിനാണ് സര്‍വീസ് നടത്തുക. ഡല്‍ഹി സഫദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഭാരത് ഡ്യൂലക്സി എസി ട്രെയിനില്‍ 156 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
🗞🏵 റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി സർവകാല റെക്കോർഡ് നേടി ഇന്ത്യ. പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഫെബ്രുവരിയിൽ ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഒരു ശതമാനത്തിൽ താഴെയായിരുന്നു റഷ്യ- യുക്രൈൻ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി. ഇപ്പോൾ ഇത് 35 ശതമാനമായി വർദ്ധിച്ചു
🗞🏵 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള റോഡ് ടാക്സും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നികുതിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കുന്നത്. 2022 ഒക്ടോബര്‍ 14 മുതല്‍ ഈ ഉത്തരവിന് പ്രാബല്യമുണ്ടെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംസ്ഥാനത്ത് തന്നെ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഈ ഇളവ് സാധുവായിരിക്കും.
🗞🏵 ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ മുദ്രയില്ലാതെ ഇനി മുതല്‍ സ്വര്‍ണം വില്‍ക്കാന്‍ സാധിക്കില്ല. 2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ് ഉള്ള ആഭരണങ്ങളുടെ വില്‍പന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.
🗞🏵 ഇറാനിൽ വിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങളോടെ നിരവധി സ്കൂൾ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ജനങ്ങൾ ആശങ്കയിൽ. തലസ്ഥാനനഗരമായ ടെഹ്റാനിലെ 12 സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അജ്ഞാതരോഗം പിടിപ്പെട്ടത്. വിഷവാതകം ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സംശയമുണ്ട്. സംഭവത്തിൽ ഒരു വിദ്യാർഥിനി മരണപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
🗞🏵 നടി തുനിഷ ശർമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഷീസൻ ഖാന് മഹാരാഷ്ട്ര കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷമാണ് നടന് ജാമ്യം ലഭിക്കുന്നത്
🗞🏵 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മയക്കുമരുന്നായ കറുപ്പ് വിതരണം ചെയ്യുന്ന സംഘത്തിലെ തലവനെ ജമ്മു കാഷ്മീരിലെ അനന്തനാഗിൽനിന്ന് ഹിമാചൽ പോലീസ് അറസ്റ്റ് ചെയ്തു. 2020 മേയിൽ ഉന ജില്ലയിലെ ഹരോളിയിൽനിന്ന് 18 ക്വിന്റൽ കറുപ്പ് പിടിച്ചെടുത്ത കേസിൽ മഞ്ജൂർ അഹമ്മദ് ഗനി(51) ആണ് പിടിയിലായത്.
🗞🏵 ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുള്ള അഖിലേന്ത്യാ, കേന്ദ്രസർവീസുകളിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് തങ്ങളെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽപ്പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ക്രൈസ്തവർ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങൾക്കുമെതിരേ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.