കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കലാ, കായിക, സാംസ്കാരിക മേഖലകളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന സർഗോത്സവത്തിനുള്ള ഒരുക്കങ്ങൾ സജീവമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 31 മുതൽ ജനുവരി 15 വരെയാണ് ആഘോഷം. വിളംബരറാലി, ഭക്ഷ്യമേള, കൃഷിവിള പ്രദർശന മത്സരം, കിഡ്സ് ഫെസ്റ്റ്, നാടകമേള, കലാ-കായിക മത്സരങ്ങൾ, നാട്ടരങ്ങ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 31-ന് വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന വിളംബരറാലി സയൻസ് സിറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഫെസ്റ്റിന്റെ പ്രധാന വേദിയായ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സമാപിക്കും. ഫുഡ് ഫെസ്റ്റും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
പ്രധാന പരിപാടികളും ജീവകാരുണ്യ പ്രവർത്തനവും ജനുവരി മൂന്നിന് കിഡ്സ് ഫെസ്റ്റ്, ആറിന് കവിയരങ്ങ്, എട്ടിന് കഥാപ്രസംഗം എന്നിവ നടക്കും. ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കൃഷിവിള പ്രദർശന മത്സരവും നാടകമേളയിൽ ആറ് നാടകങ്ങളും അരങ്ങേറും. നിർധനരായ രോഗികളെ സഹായിക്കാൻ ‘കരുതൽ’ ദുരിതാശ്വാസനിധി ധനസമാഹരണവും നടത്തും. നാട്ടരങ്ങ് എന്ന പേരിൽ കലാപരിപാടികൾ സംഘടിപ്പിക്കും.
പ്രവാസികളായ കുറവിലങ്ങാട്ടുകാരുടെ സംഗമവും ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക ഘോഷയാത്രയോടെ ആഘോഷങ്ങൾ സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ചെയർമാനും സെക്രട്ടറി എസ്.ടി. പ്രസന്ന ജനറൽ കൺവീനറുമായാണ് സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡന്റ് ഷിജി തോമസ്, സെക്രട്ടറി എ.എസ്.ടി. പ്രസന്ന, അസിസ്റ്റന്റ് സെക്രട്ടറി എം.എൻ. കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
















