തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി നടത്തിയ വെളിപ്പെടുത്തലുകൾ ശരിവെച്ച് കെ.പി.സി.സി അംഗവും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ ജെ.എസ്. അഖിൽ. തന്നെ സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ആസൂത്രിതമായ ഇടപെടലുകൾ നടന്നുവെന്നും ചവിട്ടിയരച്ച് മാറ്റിനിർത്തുകയായിരുന്നുവെന്നും അഖിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദ്ദേശിച്ചിരുന്നത് തന്റെ പേരായിരുന്നുവെന്നും, അക്കാര്യം ഉമ്മൻചാണ്ടി നേരിട്ട് പറഞ്ഞിരുന്നതായും അഖിൽ വ്യക്തമാക്കി. ആ തീരുമാനം രേഖപ്പെടുത്തിയ കുറിപ്പ് താൻ കണ്ടിട്ടുള്ളതാണ്. എന്നാൽ ഒറ്റരാത്രി കൊണ്ട് ആ ലിസ്റ്റ് വെട്ടിമാറ്റപ്പെടുകയായിരുന്നു. ഇതിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചാൽ മനസ്സിലാകുമെന്നും അഖിൽ പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് വേദനയുണ്ടാകാതിരിക്കാനാണ് അന്ന് മാറിനിന്നത് അന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ തനിക്ക് വലിയ വിഷമമുണ്ടായിരുന്നു. തന്റെ പേര് നടപ്പാകാതെ പോയതിൽ ഉമ്മൻചാണ്ടിക്കും കടുത്ത വിഷമമുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന് കൂടുതൽ വേദന ഉണ്ടാകാതിരിക്കാനാണ് അന്ന് പ്രശ്നങ്ങളുണ്ടാക്കാതെ മാറിനിന്നതെന്നും അഖിൽ വിശദീകരിച്ചു.
കുതികാൽ വെട്ടുകൾക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയമായിരുന്നില്ല ഉമ്മൻചാണ്ടിയുടേത്. ചില ആളുകൾ തീരുമാനിക്കുന്ന കാര്യം മാത്രമേ നടക്കാവൂ എന്ന രീതി ശരിയല്ല. ഉണ്ണിത്താന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെയും കടുത്ത സൈബർ ആക്രമണവും ഫോൺ വിളിച്ച് തെറിവിളിയും നടക്കുന്നുണ്ടെന്നും, പാർട്ടി വിരുദ്ധമായ യാതൊരു നിലപാടും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ജെ.എസ്. അഖിൽ കൂട്ടിച്ചേർത്തു.
















