- രാമപുരം: കൃഷിയിലൂടെ അറിവും അനുഭവവും പ്രകൃതിസ്നേഹവും കഴിഞ്ഞ 5 വർഷമായി
പകർന്നുനൽകി മാതൃകയാവുകയാണ് രാമപുരം എസ്.എച്ച്. എൽ.പി. സ്കൂൾ. ഏകദേശം 80 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികളും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും, ഇലക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയ വ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന സ്കൂളിലെ ഹരിത പാഠശാല കാർഷിക വൈവിധ്യത്തിന്റെ മനോഹരമായ മാതൃകയാണ്. നിരവധി സംസ്ഥാനതല പുരസ്കാരങ്ങളും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അംഗീകാരവും കരസ്ഥമാക്കിയ സ്കൂളിന്റെ ഹരിതപ്രവർത്തനങ്ങൾ പുതിയ അധ്യയനവർഷത്തിലും കൂടുതൽ മികവോടെ മുന്നേറുകയാണ്.
ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ശീതകാല പച്ചക്കറിക്കൃഷിക്ക് സ്കൂൾ മാനേജർഫാ. ബെർക്കുമാൻ സ് കുന്നുംപുറം കോളിഫ്ലവർ തൈ നട്ടു തുടക്കം കുറിച്ചു. പൂർവ്വ . അധ്യാപിക എലിക്കുട്ടി വിച്ചാട്ട് രണ്ടാം ഘട്ട തക്കാളി ക്യ ഷിയ്ക് തുടക്കം കുറിച്ചു. ക്യാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട്, കൂർക്കാ,, മധുര കിഴങ്ങ്, ഉരുളകിഴങ്ങ് , തക്കാളി, ഓസ്ട്രേലിയൻ ചീര, പൊന്നാംങ്കണി ചീര,നീളംപയർ തുടങ്ങി വിവിധയിനം പച്ചക്കറികളും സുഗന്ധവിളകളും, ഫലവൃക്ഷങ്ങളും,ഉൾപ്പെടുത്തിയാണ് കൃഷി ഈ വർഷവും വിപുലീകരിക്കുന്നത്.
കുട്ടികൾക്ക് കൃഷിയെക്കുറിച്ചുള്ള അറിവ് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ പകർന്നുനൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിത്ത് നടുന്നതു മുതൽ ചെടികളുടെ പരിപാലനം, വളർച്ച നിരീക്ഷണം, വിളവെടുപ്പ് എന്നിവ വരെയുള്ള ഓരോ ഘട്ടത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. ഇതിലൂടെ അധ്വാനത്തിന്റെ മഹത്വം, ഭക്ഷ്യസുരക്ഷ, വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ബാലപാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നു.
വിദ്യാലയത്തെ ഒരു പഠനകേന്ദ്രം എന്നതിലുപരി പ്രകൃതിയോടിണങ്ങിയ ഒരു ഹരിതജീവിതത്തിന്റെ മാതൃകയാക്കി മാറ്റുകയാണ് സ്കൂളിന്റെ ലക്ഷ്യം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മുന്നേറുന്ന ഹരിത പാഠശാല കുട്ടികളിൽ കൃഷിയോടുള്ള താൽപര്യവും പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധവും വളർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. എല്ലാ കുട്ടികൾക്കും വീട്ടിൽ പരിപാലിക്കാൻ പച്ചമുളക് തൈ കൊടുത്തു വിട്ടു.
പുരസ്കാരങ്ങളുടെ നിറവിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് കൃഷിയുടെയും പരിസ്ഥിതി സൗഹൃദ വിദ്യാഭ്യാസത്തിന്റെയും പുതിയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് രാമപുരം എസ്.എച്ച്. എൽ.പി. സ്കൂളിന്റെ ഹരിതയാത്ര തുടരുകയാണ്.
















