ന്യൂഡൽഹി/റിയാദ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ആക്രമണ ഭീഷണികളും കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള യാത്രക്കാർ കടുത്ത പ്രതിസന്ധിയിൽ.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്. സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത് ഇൻഡിഗോ എയർലൈൻസ് വീണ്ടും നീട്ടിയിട്ടുണ്ട്.
ഇന്ത്യൻ കമ്പനികൾ പിന്മാറിയതോടെ വിദേശ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമായി കുത്തനെ കൂട്ടി. സാധാരണ 15,000 രൂപയായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 40,000 മുതൽ 50,000 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. ടിക്കറ്റ് നിരക്ക് താങ്ങാനാവാതെ പ്രവാസികളും, വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ ഉംറ തീർത്ഥാടകരും സൗദിയിൽ കുടുങ്ങിക്കിടക്കുകയാണ്. വിസ കാലാവധി കഴിഞ്ഞ് കുടുങ്ങുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന ഭീതിയിലുമാണ്. സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.















