സംസ്ഥാനത്തെ സ്വയംഭരണ (ഓട്ടോണമസ്) കോളേജുകൾക്ക് പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ എൻ.ഒ.സി (NOC) നിർബന്ധമാക്കിക്കൊണ്ട് സെപ്റ്റംബറിൽ ഇറക്കിയ ഉത്തരവിൽ ഇളവ് വരുത്തി സർക്കാർ. കോഴ്സുകൾ ആരംഭിച്ച ശേഷമോ പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷമോ സർക്കാരിനെ വിവരം അറിയിച്ചാൽ മതിയെന്നും, എൻ.ഒ.സി പുതുക്കൽ 3 വർഷത്തിലൊരിക്കലാക്കിയെന്നും പുതിയ സർക്കുലറിലൂടെ വ്യക്തമാക്കുന്നു.
സ്വയംഭരണ കോളേജുകൾക്ക് പുറമെ എയ്ഡഡ് മേഖലയിലും കൂടുതൽ ഇളവുകൾ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ‘നാക്’ (NAAC) അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടി മികച്ച നിലവാരം പുലർത്തുന്ന എയ്ഡഡ് കോളേജുകൾക്ക് ‘ഡീംഡ് ടു ബി യൂണിവേഴ്സിറ്റി’ (കൽപിത സർവകലാശാല) പദവി നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
കൂടാതെ സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നത് കൂടുതൽ സുഗമമാക്കുന്നതിനായി നിക്ഷേപകരുടെ മാനദണ്ഡങ്ങളിൽ (ഭൂമി ലഭ്യത, കോർപസ് ഫണ്ട് മുതലായവ) വലിയ ഇളവുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഭേദഗതി ബിൽ ഡിസംബറിലെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. പഠനാവസരങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ തീരുമാനങ്ങൾ എന്ന് വിലയിരുത്തപ്പെടുന്നു.















