അഞ്ചു പതിറ്റാണ്ടുകാലത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കാണക്കാരി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ഉൾപ്പെടുന്ന തടത്തിപ്പറമ്പ് പ്രദേശത്തേക്ക് പുതിയ റോഡ് യാഥാർത്ഥ്യമായി. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.
റോഡ് എത്തിയതിന്റെ സന്തോഷത്തിൽ ആഹ്ലാദ ഉത്സവ ലഹരിയിലാണ് തടത്തിപ്പറമ്പ് നിവാസികൾ. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
121-ാമത് വഴിയിടം; സംരക്ഷണഭിത്തിക്കും ടാറിംഗിനുമായി 10 ലക്ഷം രൂപ കൂടി
ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ വഴിയില്ലാത്ത പ്രദേശങ്ങളിൽ വഴി എത്തിച്ചുനൽകുന്ന 121-ാമത് പദ്ധതിയാണിത്. റോഡിനായി സ്ഥലം വിട്ടുനൽകിയ വിജയകുമാരി ഹേമാലയത്തെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. റോഡ് നിർമ്മാണത്തിന് മുഖ്യനേതൃത്വം വഹിച്ച ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിൻസി ജെയ്‌സൺ, ഗ്രാമപഞ്ചായത്ത് അംഗം ജോബി ജോസഫ് എന്നിവർക്ക് തടത്തിപ്പറമ്പ് നിവാസികൾ ഉപഹാരം നൽകി.
പുതുതായി നിർമ്മിച്ച റോഡിന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും ടാറിംഗ് നടത്തുന്നതിനുമായി 10 ലക്ഷം രൂപ ഉടൻ അനുവദിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് അറിയിച്ചു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനമാണ് 50 വർഷത്തെ സ്വപ്നം പൂവണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജോസ്‌മോൻ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ. വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിൻസി ജെയ്‌സൺ, ജനപ്രതിനിധികളായ രതീഷ് എണ്ണച്ചേരിൽ, ആഷാമോൾ ജോബി, ബെൻസി ജോഷി, ജോയി ചാണകപ്പാറ, ജോബി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.















