പാലാ: കത്തോലിക്ക കോൺഗ്രസ് പാലാ രൂപത യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുവജ്വാല 2026’ യുവജന സെമിനാറും സിംപോസിയവും ഒക്ടോബർ 04 ഞായറാഴ്ച നടക്കും. രാവിലെ 8 മണിക്ക് വിശുദ്ധ കുർബാനയോടെ സെമിനാർ പരിപാടികൾക്ക് തുടക്കമാകും.
സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലാ രൂപത വികാരി ജനറൽ വെരി റെവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിക്കും. രൂപതാ പ്രസിഡന്റ് ഇമ്മാനുവേൽ നിധിരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
‘സഭയും യുവജനങ്ങളും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന സിംപോസിയത്തിൽ പ്രൊഫ. റോണി കെ. ബേബി എം.എൽ.എ, അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എക്സ് എം.എ.ൽ.എ, അഡ്വ. ഷോൺ ജോർജ് എന്നിവർ പങ്കെടുക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ സിംപോസിയത്തിന്റെ മോഡറേറ്ററായിരിക്കും.
വിവിധ രാഷ്ട്രീയ നേതാക്കളുടെ നിലപാടുകൾ അറിയുന്നതിനും സഭയും യുവജനങ്ങളും നേരിടുന്ന വെല്ലുവിളികളിൽ നേതാക്കളുമായി നേരിട്ട് ചർച്ചകളും സംവാദങ്ങളും നടത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ആൻസമ്മ സാബു, എഡ്വിൻ പാമ്പാറ, ക്ലിന്റ് അരീപ്ലാക്കൽ തുടങ്ങി രൂപതാ ഭാരവാഹികൾ പ്രസംഗിക്കും.















