ഏറ്റുമാനൂർ: ഗാന്ധിജിയുടെ ആദർശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ഈ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്നും അത് വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കേണ്ടത് അനിവാര്യമാണെന്നും നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു. സ്വന്തം ജീവിതവും പ്രവർത്തികളും കൊണ്ട് ലോകജനതയ്ക്ക് മാതൃകാപുരുഷനായി മാറിയ മഹാത്മാവാണ് ഗാന്ധിജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റുമാനൂരിൽ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ് അംഗം ഫിലിപ്പ് ജോസഫ് മണിയാനിൽ, പ്രഥമ മുൻസിപ്പൽ ചെയർപേഴ്സൺ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിൽ, അധ്യാപക അവാർഡ് ജേതാവ് മുഹമ്മദാലി ജിന്ന, വ്യാപാരി വ്യവസായ സമിതി ഏരിയാ പ്രസിഡന്റ് സെബാസ്റ്റ്യൻ വാളമ്പറമ്പിൽ, വികസന സമിതി സെക്രട്ടറി അബ്ദുൽ റഹിമാൻ, വി.എം. തോമസ് വേമ്പേനി, രാജു ഇമ്മാനുവൽ, ജി. പ്രകാശ്, ജെ.ആർ. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പോലീസ് സ്റ്റേഷൻ കവാടം മുതലുള്ള കൊച്ചുപുരയ്ക്കൽ റോഡ് ശുചീകരിച്ചു. ശുചീകരണ പരിപാടി ഏറ്റുമാനൂർ എസ്.എച്ച്.ഒ വി.എൽ. ബിനു ഉദ്ഘാടനം ചെയ്തു. പി.ആർ.ഒ സോജൻ ജോസഫ്, റാബി ജോൺസൺ, സജിത്ത് എൻ.ജെ, പി.ഡി. ജോർജ്, സജി പിച്ചകശ്ശേരി, രാജു ഏബ്രഹാം, ടിങ്കു സെബാസ്റ്റ്യൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.















