ഫ്ളൈ ദുബായ് വിമാനത്തിൽ വെച്ച് പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാന് പങ്കുള്ളതായി കണ്ടെത്തിയാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
സംഭവത്തിന് പിന്നിൽ ഇറാന്റെ പങ്ക് ഉണ്ടോയെന്ന് അമേരിക്ക പരിശോധിച്ചുവരികയാണ്. പങ്ക് സ്ഥിരീകരിച്ചാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, കോക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ ക്രൂരമായ കത്തിക്കുത്തേറ്റിട്ടും ധീരമായി ചെറുത്തുനിൽക്കുകയും കോക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാർക്ക് അവസരമൊരുക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ട്രംപ് ‘ഹീറോ’ എന്ന് പ്രശംസിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിലാണ് ഒമാൻ പൗരനായ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചത്. അക്രമി തീവ്ര ഇസ്ലാമിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചെങ്കിലും സംഭവത്തിൽ ഇറാന് നേരിട്ട് പങ്കുണ്ടെന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അക്രമത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.















