തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭയുടെ മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഭരണപരമായ ചെലവുകൾക്കുമായി സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക കേരളസഭ സംഘടിപ്പിക്കുന്നത് യു.ഡി.എഫ് സർക്കാറിന്റെ പരിഗണനയിലില്ലെന്നും എന്നാൽ പ്രവാസി ക്ഷേമം സർക്കാറിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക കേരളസഭയുടെ നാലാം എഡിഷനിലെ ശുപാർശകൾ നടപ്പാക്കാൻ ഒരു കോടി, നോർക്ക പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. ധൂർത്ത് ഒഴിവാക്കിയാൽ ലോക കേരളസഭ നല്ല ആശയമാണെന്ന മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണവും തുക അനുവദിച്ച ഉത്തരവും പ്രതിപക്ഷത്തിരുന്നപ്പോൾ പദ്ധതിയെ എതിർത്ത യു.ഡി.എഫ് നിലപാടിൽ മാറ്റം വന്നോ എന്ന സംശയത്തിന് വഴിവെച്ചിരുന്നു.
എന്നാൽ, ലോക കേരളസഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആറാം എഡിഷനായി സർക്കാർ പണം വകയിരുത്തിയിട്ടില്ല. നിലവിലെ സെക്രട്ടറിയറ്റിന്റെ ചെലവുകൾക്കും ബിസിനസ് ലീഡർഷിപ്പ് മീറ്റിനുമാണ് തുക നൽകിയത്. പ്രവാസികളുടെ പങ്കാളിത്തത്തോടെയുള്ള പുതിയ പദ്ധതി സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.















