8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. യാതൊരുവിധ അക്കാദമിക് ചർച്ചകളും നടത്താതെ എടുത്ത ഈ തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ വർഷങ്ങൾ പിന്നോട്ട് വലിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
സബ്ജക്ട് മിനിമം ഒഴിവാക്കിയതോടെ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പ്രത്യേക പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും. എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ പോലും പത്താം ക്ലാസിൽ എ പ്ലസ് നേടുന്നുവെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മിനിമം മാർക്ക് സംവിധാനം കൊണ്ടുവന്നത്. ദേശീയതലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയ ഈ പദ്ധതി നിർឈർത്തലാക്കുന്നത് വഴി 5 മാർക്ക് മാത്രം ലഭിക്കുന്ന വിദ്യാർത്ഥി പോലും ഉപരിപഠനത്തിന് യോഗ്യത നേടുന്ന അപകടകരമായ അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനൊപ്പം നിലവിലെ പ്ലസ് വൺ ബാച്ച് സീറ്റ് അലോട്ട്മെന്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കാനും എയ്ഡഡ് മാനേജ്മെന്റുകളെ സഹായിക്കാനുമാണ് നിലവിലെ നീക്കങ്ങളെന്നും വകുപ്പ് മന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.















